കൊച്ചി: കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ മൂന്ന് കപ്പലില്‍ നടന്നുവരുന്ന പരിസ്ഥിതി രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടെന്ന പരാതിയില്‍ ഹൈക്കോടതി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ വിശദീകരണം തേടി. 15നകം മറുപടി നല്‍കാനാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി കരാറുകാരെ മാറ്റിയതിനാല്‍ കടല്‍ ശുചീകരണം വൈകുകയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് കോടതി നിര്‍ദേശം. കപ്പല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമടക്കം ഉന്നയിച്ച് ടി.എന്‍. പ്രതാപന്, ഉമ്മര്‍ ഒട്ടുമ്മല്‍, ചാള്‍സ് ജോര്‍ജ് എന്നിവര്‍ നല്കിയ പൊതുതാത്പര്യഹര്‍ജികളാണ് പരിഗണിക്കുന്നത്.
കേരള സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്യുമെന്ന് അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു.
ഹര്‍ജികളിലെ പല ആവശ്യങ്ങളും സമാനമായതിനാല്‍ ഏകീകരണമുണ്ടാക്കണമെന്ന് കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു.